Wednesday 23 April 2014

വേദി നിറയുന്നു; രാപ്പകലില്ലാതെ..
മലപ്പുറം: കൊണ്ടോട്ടി നേര്‍ച്ചയ്ക്കും തിരുമാന്ധാംകുന്ന് പൂരത്തിനും ഇത്ര ജനമൊഴുകിയിട്ടില്ല. മലപ്പുറത്തിന്റെ ഇടവഴികള്‍ അരുവികളായി. റോഡുകള്‍ പുഴകളായി. വേദികള്‍ കടലായി. സ്കൂള്‍ കലോത്സവത്തിന്റെ 53 വര്‍ഷത്തെ ചരിത്രത്തിലെ അപൂര്‍വകാഴ്ചയായി ഈ ജനസാഗരം. സെവന്‍സ് ഫുട്ബോള്‍ ഗ്യാലറിയിലെ ആവേശം കലയുടെ മൈതാനത്തും... ജനതയൊന്നാകെ കലോത്സവം ഏറ്റെടുത്ത കാഴ്ച ഈ നാടിന്റെമാത്രം സവിശേഷത. രണ്ടുതവണ തുഞ്ചന്റെ മണ്ണ് മേളയെ മാറോട് ചേര്‍ത്തിട്ടുണ്ട്. 1992ലും 2005ലും തിരൂരിലെ ജനപങ്കാളിത്തം കേരളമാകെ ശ്രദ്ധിക്കപ്പെട്ടു. ഇപ്പോള്‍, അതിനെല്ലാം മീതെ മലപ്പുറം പറക്കുന്നു.


കുട്ടികളുടെ ഉത്സവമെന്നതിനപ്പുറം പങ്കാളിത്തത്തില്‍ പുതുചരിതമെഴുതുകയാണ് മലപ്പുറം. വ്യാഴാഴ്ച മാത്രം ഒന്നരലക്ഷത്തോളംപേര്‍ കലോത്സവവേദികളിലെത്തിയെന്നാണ് പൊലീസിന്റെ കണക്ക്. മുഖ്യവേദിയില്‍മാത്രം മുപ്പതിനായിരം പേരെത്തി. ഒപ്പനയ്ക്കുമാത്രമല്ല കഥകളിക്കും മാപ്പിളപ്പാട്ടിനും നാടന്‍പാട്ടിനും ആളൊഴുക്ക്. മണിക്കൂറുകള്‍ വൈകി തുടങ്ങിയ ഒപ്പന കാണാന്‍ ഒക്കത്ത് കുഞ്ഞുങ്ങളുമായി അമ്മമാര്‍ വീടുപൂട്ടി വന്നു. കലാവേദികളിലേക്ക് നാടൊഴുകിയപ്പോള്‍ കലാപ്രതിഭകള്‍ ധന്യരായി. എംഎസ്പി പരേഡ് ഗ്രൗണ്ടിലെ ചാനല്‍ സ്റ്റുഡിയോകള്‍ക്കുമുന്നിലും ആളുകള്‍ അന്തംവിട്ട് നിന്നു.


മലപ്പുറത്തുകാര്‍ക്ക് ചാനലുകളുടെ തത്സമയചിത്രീകരണം അത്ഭുതക്കാഴ്ചയായി. വേദിയില്‍ കലാപരിപാടികള്‍ അവതരിപ്പിച്ചവര്‍ ചാനലുകാര്‍ക്ക് മുന്നില്‍ വീണ്ടും നിറഞ്ഞാടി. ശെമതാനത്ത് "സമാന്തര കലോത്സവം" മലപ്പുറത്തുകാര്‍ക്ക് അല്‍ഭുതമായി. ചാനല്‍സുന്ദരികള്‍ സിനിമാതാരങ്ങളെപ്പോലെ വിലസി. അവര്‍ക്കൊപ്പം ഫോട്ടോയെടുക്കാനും പലരും തിരക്കുകൂട്ടി. മലപ്പുറത്തിന്റെ ആതിഥേയത്വവും പങ്കാളിത്തവും മനസ്സുനിറച്ചുവെന്ന് പ്രശസ്ത വാദ്യക്കാരന്‍ മട്ടന്നൂര്‍ ശങ്കരന്‍കുട്ടി. ""കലോത്സവവേദികളില്‍ വിധികര്‍ത്താവായിട്ട് 15 വര്‍ഷമായി. ഇതുപോലെ ജനങ്ങള്‍ നിറഞ്ഞൊഴുകുന്നത് എവിടെയും കണ്ടിട്ടില്ല. കലാകാരന്മാര്‍ക്ക് ആത്മവിശ്വാസവും അഭിമാനവും നല്‍കുന്ന കാര്യമാണിത്. ഈ സ്നേഹത്തിനും സ്വീകരണത്തിനും ഒരുപാട് നന്ദി""- അദ്ദേഹം പറഞ്ഞു.


എന്തിനെയും അതിവൈകാരികതയോടെ സ്വീകരിക്കുന്ന മലപ്പുറത്തിന്റെ മനസ്സാണ് കലോത്സവത്തെയും നെഞ്ചേറ്റുന്നത്. ബിരിയാണിയെയും ബീവിയെയുംപോലെ കലയെയും സ്നേഹിക്കുന്ന ഇവിടത്തുകാര്‍ക്ക് ചെറിയൊരു ഉത്സവംപോലും മഹാമേളയാണ്. കേവലം ആസ്വാദനത്തിനപ്പുറത്ത് കൊച്ചുകൊച്ച് സന്തോഷത്തില്‍ എല്ലാം മറക്കുന്ന ജനതയ്ക്ക് ഇത്തരം ഉത്സവങ്ങളില്‍നിന്ന് ഒരിക്കലും മാറിനില്‍ക്കാനാകില്ലെന്ന് കവി മണമ്പൂര്‍ രാജന്‍ബാബു പറഞ്ഞു. ""ഇവിടത്തുകാര്‍ നിഷ്കളങ്കരാണ്. അതുപോലെ സ്നേഹവുമുണ്ട്. ഏത് ചെറിയ പരിപാടിക്കും മലപ്പുറത്ത് ആളെ കിട്ടും. ഈ ജനപ്രവാഹം അത്ഭുതപ്പെടുത്തുന്നില്ല, അഭിമാനം നല്‍കുന്നു""- അദ്ദേഹം പറഞ്ഞു
(53 ആമത് സംസ്ഥാന സ്കൂൾ കലോത്സവ വേദിയുടെ ഓർമ്മയിൽ നിന്ന് )

No comments:

Post a Comment