Wednesday 23 April 2014

പത്മരാജനും എംടിയ്ക്കും ശേഷം ജീവിത യാഥാര്‍ത്ഥ്യങ്ങളുടെ നിഗൂഢതകള്‍ മലയാളിയ്ക്ക് പകര്‍ന്നു നല്കിയ കഥാകാരനായിരുന്നു ലോഹിതദാസ്. പ്രണയവും ഭീതിയും നൊമ്പരവും പകയുമൊക്കെ കൃത്യമായി അലിഞ്ഞു ചേര്‍ന്ന ലോഹിയുടെ തിരക്കഥകള്‍ കന്മദം പോലെ പൊട്ടിയൊലിച്ചത് പ്രേക്ഷക മനസ്സുകളിലേക്കായിരുന്നു. മലയാളസിനിമയുടെ അമരത്ത് താന്‍ നേടിയ കിരീടവും ചെങ്കോലും മാറ്റിവെച്ച് മുക്തി തേടി തനിയാവര്‍ത്തനങ്ങളില്ലാത്ത ലോകത്തേക്ക് ലോഹിതദാസ് മഹായാനം നടത്തിയിട്ട് ജൂലൈ 28ന് നാലുവര്‍ഷം തികയുകയാണ്. പത്മരാജനു പിന്നാലേ ലോഹിയും പടിയിറങ്ങുകയും എംടി മൗനത്തിന്റെ വാല്‍മീകത്തില്‍ ഒതുങ്ങുകയും ചെയ്തതോടെ മലയാള സിനിമയ്ക്ക് നഷ്ടമായത് എന്താണെന്ന് നാം ഇപ്പോള്‍ തിരിച്ചറിയുന്നു.

1955 മേയ് 10ന് തൃശൂര്‍ ജില്ലയിലെ ചാലക്കുടിയ്ക്കടുത്ത് മുരിങ്ങൂരിലാണ് അമ്പഴത്തില്‍ കരുണാകരന്‍ ലോഹിതദാസ് എന്ന ലോഹി ജനിച്ചത്. എറണാകുളം മഹാരാജാസില്‍ നിന്ന് ബിരുദപഠനവും തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്നു ലാബറട്ടറി ടെക്‌നീഷ്യന്‍ കോഴ്‌സും പൂര്‍ത്തിയാക്കി. പഠിക്കുന്ന കാലത്ത് ചെറുകഥകള്‍ എഴുതിക്കൊണ്ടാണ് എഴുത്തിന്റെ ലോകത്തേക്ക് പ്രവേശിക്കുന്നത്. എന്നാല്‍ സാഹിത്യത്തില്‍ ശ്രദ്ധേയനാകുവാന്‍ അദ്ദേഹത്തിനു കഴിഞ്ഞില്ല. 1986ല്‍ കെ.പി.എ.സിക്കു വേണ്ടി നാടകരചന നിര്‍വഹിച്ചുകൊണ്ട് അദ്ദേഹം നാടകവേദിയില്‍ പ്രവേശിച്ചു. സിന്ധു ശാന്തമായൊഴുകുന്നു ആയിരുന്നു ആദ്യനാടകം. ഈ നാടകത്തിന് അദ്ദേഹത്തിന് സംസ്ഥാന അവാര്‍ഡ് ലഭിച്ചു. പിന്നീട് അവസാനം വന്ന അതിഥി, സ്വപ്നം വിതച്ചവര്‍ തുടങ്ങിയ നാടകങ്ങളും എഴുതി.

ലോഹിതദാസിനെ ചലച്ചിത്രലോകത്തിന് പരിചയപ്പെടുത്തിയത് നടന്‍ തിലകനാണ്. 1987 ല്‍ സിബി മലയില്‍ സംവിധാനം ചെയ്ത തനിയാവര്‍ത്തനം എന്ന ചിത്രത്തിന് തിരക്കഥ എഴുതിക്കൊണ്ട് ലോഹിതദാസ് സിനിമാരംഗത്ത് പ്രവേശിച്ചു. പാരമ്പര്യമായി ലഭിച്ച ഭ്രാന്തിന്റെ വിഹ്വലതകളില്‍ ഉഴലുന്ന ബാലന്‍മാഷ് എന്ന കഥാപാത്രത്തിന് ജന്മം നല്കിയ ലോഹിയുടെ തിരക്കഥ പുതിയൊരനുഭവമായിരുന്നു. ആദ്യനാടകത്തിനെന്നപോലെ ആദ്യചിത്രത്തിനും മികച്ച കഥയ്ക്കുള്ള ആ വര്‍ഷത്തെ സംസ്ഥാന അവാര്‍ഡ് നല്‍കി കേരളസര്‍ക്കാര്‍ അദ്ദേഹത്തെ ആദരിച്ചു. ഈ ചിത്രം സാമ്പത്തികവിജയം കൂടി നേടിയതോടെ സിബി മലയില്‍ , ലോഹിതദാസ് കൂട്ടുകെട്ടില്‍നിന്ന് കിരീടം, ദശരഥം, ഭരതം, കമലദലം, ഹിസ് ഹൈനസ് അബ്ദുള്ള തുടങ്ങി പ്രശസ്തമായ 14 ചലച്ചിത്രങ്ങള്‍ പിറവികൊണ്ടു. ഭരതന്‍ , സത്യന്‍ അന്തിക്കാട്, ജോഷി, ഐ.വിശശി, കൊച്ചിന്‍ ഹനീഫ എന്നിവര്‍ക്കു വേണ്ടിയും തിരക്കഥയൊരുക്കിയ ലോഹി ജോര്‍ജ്ജ് കിത്തു, സുരേഷ് ഉണ്ണിത്താന്‍ , എം.എ.വേണു, ജോസ് തോമസ്, സുന്ദര്‍ദാസ് തുടങ്ങിയ നാവാഗതരെയും നിരാശപ്പെടുത്തിയില്ല.

തിരക്കഥാകൃത്തെന്ന നിലയില്‍ തിളങ്ങി നില്ക്കുമ്പോള്‍ സംവിധായകനായും നടനായും അദ്ദേഹം വേഷപ്പകര്‍ച്ചകള്‍ നടത്തി. കസ്തൂരിമാനിന്റെ തമിഴ് പതിപ്പ് അടക്കം 12 ചിത്രങ്ങള്‍ അദ്ദേഹം സംവിധാനം ചെയ്തു. അഞ്ച് ചിത്രങ്ങളില്‍ അഭിനയിച്ചു. സമകാലീന സമൂഹത്തില്‍ പെണ്‍മക്കളുള്ള മാതാപിതാക്കള്‍ അനുഭവിയ്ക്കുന്ന മാനസിക സംഘര്‍ഷങ്ങള്‍ വെളിപ്പെടുത്തിയ ആദ്യ സംവിധാന സംരംഭം ഭൂതക്കണ്ണാടിക്ക് മികച്ച ചിത്രത്തിനുള്ള ദേശീയ അവാര്‍ഡ് ലഭിച്ചു. എന്നാല്‍ സംവിധാനത്തിലേക്ക് തിരിഞ്ഞതോടെ തിരക്കഥകളുടെ എണ്ണം കുറഞ്ഞു. അത് മലയാളസിനിമയ്ക്കുണ്ടായ തീരാനഷ്ടമാണെന്നുവരെ വിലയിരുത്തലുകള്‍ ഉണ്ടായി.

തനിയാവര്‍ത്തനം മുതല്‍ നിവേദ്യം വരെ നാല്‍പ്പത്തിനാലു ചിത്രങ്ങള്‍ക്ക് അദ്ദേഹം തിരക്കഥ എഴുതി. കലാമൂല്യത്തില്‍ മികച്ചു നില്ക്കുമ്പോള്‍ തന്നെ വാണിജ്യ വിജയവും ഈ സിനിമകള്‍ നേടി. മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും കരിയറിലെ ഏറ്റവും മികച്ച ചിത്രങ്ങളാണ് ഇദ്ദേഹത്തിന്റെ തൂലികയില്‍ നിന്ന് പിറന്നു വീണത്. തനിയാവര്‍ത്തനം, അമരം, കിരീടം, കമലദളം, ഭൂതക്കണ്ണാടി തുടങ്ങിയവ അതില്‍ ചിലത് മാത്രം. മഞ്ജു വാര്യര്‍ , മീരാ ജാസ്മിന്‍ , സംയുക്താ വര്‍മ്മ, ഭാമ തുടങ്ങിയ നായികമാരെ സമ്മാനിച്ച ലോഹിയുടെ ചിത്രങ്ങളിലൂടെ സിനിമയില്‍ ഒട്ടനവധി താരങ്ങള്‍ സൃഷ്ടിക്കപ്പെട്ടു.

രണ്ട് ദശകത്തിലേറെ നീണ്ട ചലച്ചിത്രസപര്യ നിവേദ്യമെന്ന ചിത്രത്തില്‍ അവസാനിച്ചു. 2009 ജൂണ്‍ 28ന് രാവിലെ 10.50ന് ഹൃദയാഘാതത്തെത്തുടര്‍ന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് അന്തരിക്കുമ്പോള്‍ രണ്ട് സിനിമകള്‍ ആ മനസ്സിലുണ്ടായിരുന്നു. ലോഹിതദാസ് തന്നെ സംവിധാനം ചെയ്യാനുദ്ദേശിച്ചിരുന്ന ചെമ്പട്ട്, വര്‍ഷങ്ങള്‍ക്കുശേഷം സിബി മലയില്‍ , ലോഹിതദാസ്, മോഹന്‍ലാല്‍ കൂട്ടുകെട്ടിന് വഴിവെക്കുമായിരുന്ന ഭീഷ്മര്‍ എന്നീ ചലച്ചിത്രങ്ങളാണ് പാതിവഴിയില്‍ അവസാനിച്ചത്. കസ്തൂരിമാന്‍ എന്ന ചിത്രം തമിഴില്‍ നിര്‍മ്മിച്ചതുമായി ബന്ധപ്പെട്ട അവസാനകാലത്ത് അദ്ദേഹം രൂക്ഷമായ സാമ്പത്തിക ബുദ്ധിമുട്ടുകളെ അഭിമുഖീകരിച്ചിരുന്നു.

No comments:

Post a Comment