Friday 25 April 2014



ഒരു ഗ്രാമം മുഴുവന്‍ ആഹ്ലാദത്തിന്റെ ഒരേ മനസ്സോടെ ആ മൈതാനത്തേക്ക് ഒഴുകിയെത്തി. മൈതാനത്ത് അടുപ്പ്കൂട്ടി 12 ക്വിന്റല്‍ അരി കൊണ്ട് അവര്‍ നെയ്‌ച്ചോറുണ്ടാക്കി...12 ക്വിന്റല്‍ ഇറച്ചികൊണ്ട് ബീഫ് കറിയും. ബാന്‍ഡുമേളവും ശിങ്കാരിമേളവും ആഹ്ലാദത്തിന്റെ അടയാളങ്ങളായ ഘോഷയാത്ര....എല്ലാത്തിനും നിറം പകര്‍ന്ന് കണ്ണഞ്ചിപ്പിക്കുന്ന വെടിക്കെട്ട്..കൊടിഞ്ഞി എന്ന ഗ്രാമത്തിലെ നൂറുകണക്കിന് ജനങ്ങള്‍ സന്തോഷത്തിന്റെ വലിയൊരു പന്ത് ഒരുദിനം മുഴുവന്‍ ഉരുട്ടിനടന്നത് ഒരേയോരു നാമത്തിലായിരുന്നു...ഫുട്‌ബോളിന്റെ നാമത്തില്‍. ഒരുപക്ഷേ ലോകത്തൊരിടത്തും നടന്നുകാണില്ലാത്ത ഫുട്‌ബോള്‍ വിജയാഘോഷത്തിന്റെ ഒരു മലപ്പുറം ടച്ച്.
കോട്ടയ്ക്കലില്‍ നടന്ന അഖിലേന്ത്യ സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ കൊടിഞ്ഞിയിലെ റുമ്മാന്‍ എന്ന ക്ലബ്ബ് ചാമ്പ്യന്‍മാരായതായിരുന്നു ആഘോഷത്തിന്റെ തുടക്കം. ചരിത്രത്തിലാദ്യമായി പ്രദേശത്തെ ചെറിയൊരു ക്ലബ്ബ് വലിയൊരു ടൂര്‍ണമെന്റില്‍ ജേതാക്കളായപ്പോള്‍ നാട് ആ വിജയം ആഘോഷിച്ചത് ആരും ഇതുവരെ കാണാത്ത കൂട്ടായ്മയുടെ വലിയൊരു മൈതാനത്തായിരുന്നു. നാട്ടിലെ മുഴുവന്‍ ആളുകളെയും ഒന്നിച്ചുകൂട്ടി സദ്യ നല്‍കി ഒരു വിജയാഘോഷം. ഒരൊറ്റ രാത്രി കൊണ്ടാണ് കൊടിഞ്ഞിയിലെ നാട്ടുകാര്‍ ആ സ്വപ്നം സാക്ഷാത്കരിച്ചത്.
ബുധനാഴ്ച രാത്രി ടീം ജേതാക്കളായപ്പോള്‍ ഇത്രവലിയ ആഘോഷം കൊടിഞ്ഞിക്കാരുടെ മനസ്സിലുണ്ടായിരുന്നില്ല. എന്നാല്‍ ഫുട്‌ബോള്‍ പ്രേമിയും പ്രവാസിയുമായ മെതുവില്‍ കുഞ്ഞിപ്പ എന്തിനും തയ്യാറായി മുന്നോട്ടുവന്നപ്പോള്‍ നാട്ടുകാരുടെ മനസ്സിലും ആ പൂതിയുണര്‍ന്നു. പിന്നെയെല്ലാം അതിവേഗത്തിലായിരുന്നു. രാത്രി തന്നെ നാട്ടുകാരെല്ലാം ഒത്തുചേര്‍ന്ന് മൈതാനത്ത് പന്തലിട്ടു. രാത്രി തന്നെ പല കടകളില്‍ നിന്നായി അരിയും സാധനങ്ങളും വാങ്ങി. നാടുറങ്ങാത്ത ആ രാത്രിയില്‍ തന്നെ പാചകത്തിനുള്ള ഒരുക്കങ്ങളും തുടങ്ങി. വ്യാഴാഴ്ച വൈകുന്നേരത്തോടെ ഒരു നാടിന്റെ കൂട്ടായ്മയില്‍ 12,000 പേര്‍ക്കുള്ള സദ്യ റെഡി.
കടപ്പാട്:-kottakkal city (facebook page admins)

No comments:

Post a Comment