Tuesday 22 April 2014

മൂന്നു വയസുള്ള കുരുന്നിന്‍റേതായാലും 80 വയസുള്ള മുത്തശിയുടേതായാലും പെണ്‍ശരീരം ആസ്വാദ്യമായ ഉപഭോഗ വസ്തു മാത്രമാണെന്ന ബോധത്തോടെയോ, ലഹരി കെടുത്തിയ ബോധമില്ലായ്മയിലോ വിശ്വസിച്ചു പോകുന്ന പുരുഷന്‍റെ നെറികേടിനെതിരെ സ്ത്രീക്കു വേണ്ടിയുള്ള പ്രതിരോധ മതിലാകാന്‍ പുരുഷന്‍മാരുടെ വന്‍ പട ഇവിടെയുണ്ടുതാനും. വര്‍ഗീയതയും ഭീകരവാദവും പോലുള്ള സാമൂഹിക വിരുദ്ധ അജന്‍ഡകള്‍ കൊണ്ടുനടക്കുന്നവര്‍ സമൂഹത്തിലെ തീരെക്കുറച്ച് ആളുകള്‍മാത്രമാണല്ലോ. സ്ത്രീവിരുദ്ധ സമീപനത്തിലും അതുതന്നെയാണു കാര്യം. ഭൂരിപക്ഷം പുരുഷന്‍മാരും സ്ത്രീകളെയും പെണ്‍കുട്ടികളെയും മാനിക്കുന്നു, ഒരു നോട്ടം കൊണ്ടുപോലും അവരെ അലോസരപ്പെടുത്താതിരിക്കാന്‍ ശ്രദ്ധിക്കുന്നു. പക്ഷെ സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും മാനവും ചിലപ്പോഴൊക്കെ ജീവനും കവരുന്നവരുടെ ചെയ്തികളുടെ ധാര്‍മിക ഉത്തരവാദിത്തം,മുഴുവന്‍ സമൂഹത്തിന്‍റേതുമാണല്ലോ. അരികിലേക്കു മാറിനിന്ന് മറ്റുള്ളവരുടെ നേരെ വിരല്‍ ചൂണ്ടി സ്വയം ഒഴിയാന്‍ കഴിയാത്ത വിധത്തില്‍ നാമെല്ലാവരെയും ഈ ഉത്തരവാദിത്തം ചൂഴ്ന്നു നില്‍ക്കുന്നു. സ്ത്രീയുടെ സ്വകാര്യതയും അന്തസും സംരക്ഷിക്കാനുള്ള ബാധ്യത സര്‍ക്കാര്‍ സംവിധാനങ്ങളുടെയോ, നീതി പീഠത്തിന്‍റെയോ മാത്രമല്ലെന്ന തിരിച്ചറിവിലേക്കാണു നമ്മെ എത്തിക്കേണ്ടത്. ആരുടെയൊക്കെയോ ശരീരങ്ങള്‍ ചിതറിത്തെറിക്കുന്ന ഏതോ നാട്ടിലെ സ്ഫോടനങ്ങളുടെ വാര്‍ത്തകള്‍ വായിച്ച് അമ്പരന്ന കാലത്തുനിന്ന് നമ്മുടെ ചുറ്റുപാടുകള്‍ എത്രയോ മാറിപ്പോയിരിക്കുന്നു. വിധ്വംസക പ്രവര്‍ത്തനങ്ങളുടെ കാണാഭീഷണികളുടെ നിഴല്‍ നമ്മുടെ മേലും വീണു കിടക്കുകയാണിപ്പോള്‍. മാനഭംഗം ചെയ്യപ്പെടുന്ന സ്ത്രീയുടെ നിലവിളി സിനിമയിലെയും നാടകത്തിലെയും സീനുകളില്‍ നിന്ന് നമ്മുടെ തൊട്ടടുത്തേക്കു ലൈവായി ഇറങ്ങിവന്നിരിക്കുന്നതും ഇതേകാലത്തു തന്നെയാണ്. സമൂഹത്തിലെ ഏതു നിഷേധാത്മക ചലനങ്ങളുടെയും ഇരകളുടെ നിരയില്‍ സ്ത്രീയുടെ നിസഹായമായ മുഖങ്ങളാണ് കൂടുതലായി കാണുന്നത്
സ്ത്രീയോടുള്ള സമീപനം മാറേണ്ടത് ഓരോ വ്യക്തിയുടെയും ഉള്ളിലാണ്...സ്ത്രീകളുടെ സുരക്ഷ നമ്മുടെ വരും തലമുറയുടെ ആവശ്യമാണ് എന്ന് മനസ്സിലാക്കുക ...വലിയൊരു ലോകം നന്നാകാന്‍ ചെറിയൊരു കാര്യം ചെയ്തീടുക സ്വയം നന്നാവുക ,...എന്ന് കുഞ്ഞുണ്ണി മാഷ്‌ പറഞ്ഞ പോലെ മനസ്സില്‍ നിന്നും തുടങ്ങണം ശുജീകരണം ,...
ലോക വനിതാ ദിന ആശംസകള്‍ ,..

No comments:

Post a Comment